ഇന്നലെ രാത്രിയിൽ വന്നിരുന്നു ഒമർ
പുണ്യ പുരാതനൻ വന്ദ്യ വയോധികൻ
ജാമിതീയത്തിൻ ത്രികോണങ്ങളിൽ തന്റെ
കോണക മൂരിവച്ചാർത്തുല്ലസിച്ചവൻ.
കൈയിലാൾജിബ്രയും തൂക്കി സമർഖണ്ഡിൽ
നിന്നുമിറങ്ങി വന്നെന്നോടു ചോദിച്ചു.
"മൊട്ടത്തലയിലണക്കെട്ടുമായി നീ
നെട്ടോട്ടമോടുവതെന്തിനോ ഏതിനോ?
മത്സരമല്ലഹോ ജീവിതം കേവല-
മുത്സവം മാത്രമാണല്ലോ വിദൂഷകാ.
പൊട്ടും വളകളും കാണാൻ മറന്നുവോ?
കൊട്ടും കുരവയും കേൾക്കാത്തതെന്തു നീ?
നഷ്ടമായ് തീരും നിമേഷങ്ങളിൽ നിറ-
പ്പൊട്ടുകൾ തൂകാൻ മറന്നു നീ വത്സലാ."
"നാലായ് മടക്കിയ നേർരേഖയിൽ
തവ ജീവിതം വീർപ്പുമുട്ടുന്ന നേരങ്ങളിൽ,
രാവും പകലും പിണഞ്ഞ ചതുരങ്ങളി-
ലാൾപ്പടയാളിയായ് മുട്ടിനിൽക്കുന്നേരം,
കെട്ടുപൊട്ടിച്ചൊരു പട്ടമായ്ത്തീരണം
കെട്ടുകളെല്ലാമറുത്തെറിഞ്ഞീടണം.
കോട്ടും, കളസവും, ജാക്കറ്റുമൂരി നീ
കാറ്റിൻകളേബരം പുൽകാനിറങ്ങണം.
ജീവിതം മുന്തിരിച്ചാറായ്, ലഹരിയായ്
ഓരോ ഞരമ്പിലും പെയ്തിറങ്ങീടണം.
ദൂരെ നിശീഥത്തിലാദ്യനക്ഷത്രം പോലെ
നേരിൻ നിലാവായ്പ്പടർന്നിറങ്ങീടേണം"
"താരങ്ങളിൽ മിഴിനട്ടു നിൽക്കുമ്പോഴും
തോരാത്ത ഭൂമിയിൽ കാലുറച്ചീടണം.
ധൂളിയായ് വന്നു വിതാനിച്ചു ഭൂമിയിൽ
ധൂമമായ്‌ത്തീരേണ്ട സംയുക്തമാണു നീ.
ജീവിതം പൂജ്യമാണുണ്ണീ മറക്കായ്ക
സായൂജ്യമല്ലോ അനാദിമദ്ധ്യാന്തങ്ങൾ"
-----------------------------
ഒമര്‍ഖയാം - ആയിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് പേര്‍ഷ്യയില്‍ (ഇറാന്‍ ) ജീവിച്ചിരുന്ന ഗണിത ശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്‍ , അദ്ധ്യാപകന്‍, തത്വ ചിന്തകന്‍, കവി. ജീവിതം ദുഖിക്കുവാനുള്ളതല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം. Read Rubiyat of Omar Khayyam






