
ജീവിതത്തെ പ്രസന്നതയോടെയും പ്രത്യാശയോടെയും വരവേൽക്കുന്നവയാണ് ശ്രീ. പ്രിയവ്രതന്റെ കവിതകൾ. പ്രകൃതിയേയും ജീവിതത്തേയും അവയുടെ നിഴലും നിലാവും ഉൾക്കൊണ്ട് ആവിഷ്കരിക്കുമ്പോഴും പ്രതീക്ഷാനിർഭരമായ ഭാവിയിലേക്കാണ് കവി കണ്ണയക്കുന്നത്. ഉറക്കെ ചൊല്ലുവാനും ഉള്ളിൽ ചൊല്ലുവാനും ഉതകും ഈ കവിതകൾ.
"വാതായനത്തിലൂടാടിക്കുഴഞ്ഞു പോമാവവണിത്തെന്നലിൻ നാട്ടിൽ,
താരക രാജകുമാരികൾക്കൊപ്പമാണാവസിക്കുന്നതീ വീട്ടിൽ"
എന്ന ഭാവാത്മകമായ വരികളും
"മാനവ ചരിത്രത്തിനേടുകൾ ചമച്ചതു
സോദര രക്തം കൊണ്ടുമാത്രമാണിന്നേവരെ"
എന്നുള്ള ആഴത്തിലുള്ള അന്വേഷണവും ഈ കവിതാ സമാഹാരത്തിലുണ്ട്.
പ്രണയവും, പ്രകൃതിയും, പ്രഹേളികയായ കാലവും ഈ കവിതകളിൽ മുഖം നോക്കുന്നു. കാല്പനികതയുടെ വസന്തമായും വർത്തമാന അനുഭവങ്ങളുടെ ഗ്രീഷ്മമായും ഇതിലെ കവനങ്ങൾ വായനക്കാരന് അനുഭവപ്പെടുന്നു.
വിഷയത്തെ അതിന്റെ സൂക്ഷ്മതയിൽ അടയാളപ്പെടുത്തുന്ന ഗരിമയുള്ള ഭാഷയാണ് പ്രിയ വ്രതന്റെ കവിതയുടെ മുഖമുദ്ര.
മലയാള ഭാഷ ഒരിടയ്ക്ക് കൈവിട്ടുപോയ ലാവണ്യസങ്കല്പങ്ങളെ വായനക്കാരന് ഈ കവി തിരിച്ചു നൽകുന്നു.
കാമ്പുളള കാവ്യഭാഷയും ഉദാത്തമായ ലാവണ്യ ബോധവും നിറഞ്ഞ ഭൂമികയിലേക്കുളള ഗൃഹാതുരത്വമാർന്ന ഒരു തീർത്ഥാടനമാണ് ഈ കവിതകളിലൂടെയുള്ള സഞ്ചാരം. തനിമയുള്ള ആശയങ്ങൾ കൊണ്ടും തെളിമയുള്ള പദപ്രയോഗങ്ങൾ കൊണ്ടും സവിശേഷമായ ശ്രദ്ധയാകർഷിക്കുന്നുണ്ട് ഈ രചനകൾ.
മലയാളത്തിന്റെ സാംസ്കാരിക ശ്രേഷ്ഠത, അതിന്റെ ശക്തി സൗന്ദര്യങ്ങൾ എല്ലാം ഈ കവിതയിൽ നിലീനമായിരിക്കുന്നു. അനുവാചകർക്ക് മുമ്പിൽ അഭിമാനത്തോടെ സമർപ്പണം
ആശംസകളോടെ.
നെരൂദ ബുക്ക്സ്
To get your copies, please contact
nerudabooks@gmail.com
What's app:9995184146

കെട്ടഴിഞ്ഞുലയും കബരിയായ് നിശീഥിനി,
തൊട്ടിറ്റു നേരംകൂടി നിന്നിടാം, സ്മരണയിൽ
പറ്റിയൊരാന്ദോളന നഷ്ടചാരുതകളിൽ
ഉറ്റുനോക്കുന്നിതാരോ രാവോ, മൃഗശീർഷമോ?

ഉറക്കെ സംസാരിക്കുന്ന രണ്ടമ്മമാർ.
പാൽ ചുരത്താത്ത നിപ്പിൾ നുണഞ്ഞ് പ്രാമിൽ ഒരു കുഞ്ഞ്.
സിമന്റു ബഞ്ചിലിരുന്നു കഞ്ചാവു തെറുക്കുന്ന അപരിചിതൻ.
എവിടെയും പോകാനില്ലെങ്കിലും ടൈം ടേബിൾ നോക്കുന്ന മറ്റൊരാൾ.

മോദേന നീരു പകർന്നവൾ ഗൂഢമായ്
പാതി മനസ്സും പകുത്തു നൽകി.
പോയവനേകാന്തചോരനിനിയുള്ള
പാതിയും കൂടിക്കവർന്നുപോയി.

പറയുവാനാവാതെ പോയ രണ്ടക്ഷരം
ചിറകായിമാറിപ്പറന്നുപോകെ
തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.