• Created on: 2015-10-30

Illustration by Karunakaram Perambra for the poem 'oru painkilikkavitha' by Malayalam poet Priyavrathan

ഇന്ദ്രനീലാംബര വീഥിയിലമ്പിളി
ചെമ്മരിയാടുമായ് വന്നനേരം
നന്ദനാരാമനികുഞ്ചത്തിലെ ചെറു
മഞ്ചലിൽ കാതോർത്തു ഞാനിരുന്നു.
നിൻ പദനിസ്വനവീചികളക്ഷമാ-
ലെന്നെപ്പുണരുവാൻ കാത്തുനിൽക്കെ
മന്ദസ്മിതപ്പൂനിലാവു പൊഴിച്ചു നീ
എന്നന്തികത്തിലണഞ്ഞു മെല്ലെ.

പന്നഗരാജകുമാരി നീ വീണയാ-
യെൻവിരിമാറിൽ പടർന്നീടവേ
സിന്ദൂരരേഖകൾ ചാലിച്ച നിൻചൊടി-
ച്ചെണ്ടു വിരിഞ്ഞതു ഞാനറിഞ്ഞു.

എൻവിരൽച്ചുംബനപ്പാരിജാതങ്ങളിൽ
മന്ദസ്മിതങ്ങൾ വിരിഞ്ഞനേരം
വിസ്മയലാവണ്യമേ വിരൽത്തുമ്പിൽ 
നീവിശ്ലഥഗാനമായ് മാറിയല്ലോ!

രാവേറെയാകുന്നു, യാമങ്ങൾ പോകുന്നു,
രാക്കിളിപോലുമുറക്കമായി.
നീഹാരകമ്പളം വാരിപ്പുതച്ചിരുൾ
പാടവരമ്പത്തുറക്കമായി.
നാമിരുപേരും യമുനയ് മാറവേ,
ആന്ദോളനത്തിലലിഞ്ഞീടവേ
നിൻകപോലത്തിൽ മുഖംനോക്കുമമ്പിളി
തെല്ലനുരാഗിയായ് മാറുന്നുവോ?

കെട്ടഴിഞ്ഞുലയും കബരിയായ് നിശീഥിനി, 
തൊട്ടിറ്റു നേരംകൂടി നിന്നിടാം, സ്മരണയിൽ
പറ്റിയൊരാന്ദോളന നഷ്ടചാരുതകളിൽ  
ഉറ്റുനോക്കുന്നിതാരോ രാവോ, മൃഗശീർഷമോ?

പാലം (2018)

ഉറക്കെ സംസാരിക്കുന്ന രണ്ടമ്മമാർ.
പാൽ ചുരത്താത്ത നിപ്പിൾ നുണഞ്ഞ് പ്രാമിൽ ഒരു കുഞ്ഞ്.
സിമന്റു ബഞ്ചിലിരുന്നു കഞ്ചാവു തെറുക്കുന്ന അപരിചിതൻ.
എവിടെയും പോകാനില്ലെങ്കിലും ടൈം ടേബിൾ നോക്കുന്ന മറ്റൊരാൾ.

മറ്റൊരിടം (2019)

മോദേന നീരു പകർന്നവൾ ഗൂഢമായ്
പാതി മനസ്സും പകുത്തു നൽകി.
പോയവനേകാന്തചോരനിനിയുള്ള
പാതിയും കൂടിക്കവർന്നുപോയി.

കോംഗോയിലെ വിലാപ കുമാരി (2019)

പറയുവാനാവാതെ പോയ രണ്ടക്ഷരം
ചിറകായിമാറിപ്പറന്നുപോകെ
തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.

ക്ഷമപ്പക്ഷികൾ (2019)