• Created on: 2016-04-07

Illustration by Karunakaram Perambra for the poem Innalekal by Malayalam poet Priyavrathan

ആ നീലവാനിൻ കുടക്കീഴിലിന്നലെ
ഭാരം വഹിച്ചു പിപീലികാജാഥകൾ
പോവതു നോക്കി സ്വയം മറന്നങ്ങിനെ
തൂണുപോൽ നിന്നതു ഞാനായിരുന്നില്ല!


നീലത്തിമിംഗലം മേളിച്ചപാരമാം
ഓളപ്പരപ്പുകളെണ്ണി ഇരുട്ടിന്റെ
കോണിലുറക്കെച്ചിരിച്ചസ്തമയത്തിന്റെ
ലാവണ്യമൂറ്റിക്കുടിച്ചതും ഞാനല്ല!

പോയ ധനുമാസരാവിന്റെ തീരത്തു
പൂനിലാവേറ്റു പുൽമെത്തയിലമ്പിളി-
ത്താലത്തിലെക്കലമാനിന്റെ കൊമ്പിലെ
തൂമയും തേടിയലഞ്ഞതും ഞാനല്ല!

നിൻ ശ്ലഥവേണിയിലിന്ദുപുഷ്പം ചൂടി
മന്ദസ്മിതത്തിലലിഞ്ഞതും ഞാനല്ല.
പിന്നെച്ചിരാതിന്റെ കള്ളക്കടക്കണ്ണു
മെല്ലെപ്പൊതിഞ്ഞു തേൻതുള്ളി നുകർന്നതും,
കള്ളനെന്നോതി നീ മാറിലമർന്നാശു
"ചെല്ലക്കിളി'യെന്നുചൊന്നതും ഞാനല്ല!

ഇന്നലെ, ഇന്നലെ, ഇന്നലെകൾ കാല-
കർമ്മപഥത്തിലെ ചില്ലുപാത്രങ്ങൾ, വീ-
ണെങ്ങോ ചിതറി ലയിക്കുന്നതിൽനിന്നു
പിന്നെപ്പുനർജ്ജനിക്കുന്നൊരീ "ഇന്നു'കൾ.

ഇന്നലെയില്ലായിരുന്നു ഞാനിന്നിന്റെ,
ഇന്നിന്റെ മാത്രമാഖ്യാനമാകുന്നഹോ.
പോയ തോയത്തിനൊഴുക്കു തടിനിയെ
വീണ്ടും ജനിപ്പിച്ചനന്യയാക്കുംപോലെ,
നീരദപാളികളോരോ നിമിഷവും
മാറുവതെങ്കിലീ ഞാനുമേവം സദാ-
മാറുന്നു കോശവും, താപവും, ഉള്ളിലെ
ഭാവവും, എന്നും പുനർജ്ജനിക്കുന്നിതാ.

കെട്ടഴിഞ്ഞുലയും കബരിയായ് നിശീഥിനി, 
തൊട്ടിറ്റു നേരംകൂടി നിന്നിടാം, സ്മരണയിൽ
പറ്റിയൊരാന്ദോളന നഷ്ടചാരുതകളിൽ  
ഉറ്റുനോക്കുന്നിതാരോ രാവോ, മൃഗശീർഷമോ?

പാലം (2018)

ഉറക്കെ സംസാരിക്കുന്ന രണ്ടമ്മമാർ.
പാൽ ചുരത്താത്ത നിപ്പിൾ നുണഞ്ഞ് പ്രാമിൽ ഒരു കുഞ്ഞ്.
സിമന്റു ബഞ്ചിലിരുന്നു കഞ്ചാവു തെറുക്കുന്ന അപരിചിതൻ.
എവിടെയും പോകാനില്ലെങ്കിലും ടൈം ടേബിൾ നോക്കുന്ന മറ്റൊരാൾ.

മറ്റൊരിടം (2019)

മോദേന നീരു പകർന്നവൾ ഗൂഢമായ്
പാതി മനസ്സും പകുത്തു നൽകി.
പോയവനേകാന്തചോരനിനിയുള്ള
പാതിയും കൂടിക്കവർന്നുപോയി.

കോംഗോയിലെ വിലാപ കുമാരി (2019)

പറയുവാനാവാതെ പോയ രണ്ടക്ഷരം
ചിറകായിമാറിപ്പറന്നുപോകെ
തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.

ക്ഷമപ്പക്ഷികൾ (2019)