• Created on: 2016-06-16

Illustration by Karunakaran Perambra for the poem 'Aparahnam' penned by Priyavrathan

ഇഴകൾ പിരിഞ്ഞു പടർന്നൊരീശാഖിതൻ
തണലിന്റെ സാന്ത്വനമേറ്റുവാങ്ങീടവേ,
അകലത്തിലെങ്ങോ മുറിഞ്ഞഗാനത്തിന്റെ
അവസാന നാദത്തിലോർക്കുന്നു നിന്നെ ഞാൻ.

നിറമുള്ള ബാല്യകാലത്തിൻ മണിച്ചെപ്പു
പതിയെത്തുറന്നു നീ മുന്നിലെത്തീടുന്നു,
കലഹിച്ചു തല്ലിക്കളിച്ചു നാം പിന്നെയും
കഥയുടെ തീരത്തു കണ്ടുമുട്ടീടുന്നു.

വെയിലിന്റെ പട്ടുടുപ്പിട്ടു നാമാനാട്ടു-
വഴിയിലെ തെച്ചിപ്പഴം നുകർന്നെത്രയോ
കഥകൾ, കടങ്കഥ ചൊല്ലിയിട്ടും യാത്ര-
പറയാതെ ദൂരേയ്ക്കുപോയി നീയെന്തിനോ!

ഒരുമിച്ചു നീന്തിത്തുടിച്ചൊരാ പുഴയിലൂ-
ടൊഴുകിക്കടന്നുപോയ് കാലം നിലയ്ക്കാതെ,
പുളിനത്തിൽ നിന്റെ കാല്പാടുകൾ പതിയുവാൻ
പുഴകാത്തിരിക്കുന്നു സായന്തനങ്ങളിൽ.

അകലത്തിലേക്കു പറന്നുപോയെങ്കിലും,
ഒരുവാക്കുചൊല്ലാതെ നീ മറഞ്ഞെങ്കിലും,
ഒളിമങ്ങിടാത്ത നിന്നോർമ്മകൾ നെഞ്ചക-
ത്തണയാതെ കത്തുന്നു നോവിന്റെ നാളമായ്.

പഴയൊരൂഞ്ഞാലും, കിളിച്ചുണ്ടനും, ശോണ-
നിനവുറങ്ങും കൊച്ചു മഞ്ചാടിവൃക്ഷവും,
ഒരുപിടിയോർമ്മതൻ ചില്ലിട്ട ചിത്രത്തി-
ലറിയാതെ നീയുമെൻ തോഴാ കടന്നുപോയ്.

വെയിലമർന്നീടുന്നു, കാറ്റിൻ കരങ്ങളെൻ
കവിളിൽ തലോടിക്കടന്നുപോയീടുന്നു,
അകലത്തിലെ നാദവീചിയായ് നീയേതു
പഥസന്ധിയിൽ യാത്രതുടരാനൊരുങ്ങുന്നു?

കെട്ടഴിഞ്ഞുലയും കബരിയായ് നിശീഥിനി, 
തൊട്ടിറ്റു നേരംകൂടി നിന്നിടാം, സ്മരണയിൽ
പറ്റിയൊരാന്ദോളന നഷ്ടചാരുതകളിൽ  
ഉറ്റുനോക്കുന്നിതാരോ രാവോ, മൃഗശീർഷമോ?

പാലം (2018)

ഉറക്കെ സംസാരിക്കുന്ന രണ്ടമ്മമാർ.
പാൽ ചുരത്താത്ത നിപ്പിൾ നുണഞ്ഞ് പ്രാമിൽ ഒരു കുഞ്ഞ്.
സിമന്റു ബഞ്ചിലിരുന്നു കഞ്ചാവു തെറുക്കുന്ന അപരിചിതൻ.
എവിടെയും പോകാനില്ലെങ്കിലും ടൈം ടേബിൾ നോക്കുന്ന മറ്റൊരാൾ.

മറ്റൊരിടം (2019)

മോദേന നീരു പകർന്നവൾ ഗൂഢമായ്
പാതി മനസ്സും പകുത്തു നൽകി.
പോയവനേകാന്തചോരനിനിയുള്ള
പാതിയും കൂടിക്കവർന്നുപോയി.

കോംഗോയിലെ വിലാപ കുമാരി (2019)

പറയുവാനാവാതെ പോയ രണ്ടക്ഷരം
ചിറകായിമാറിപ്പറന്നുപോകെ
തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.

ക്ഷമപ്പക്ഷികൾ (2019)