
അന്ത്യോദകത്തിനു മഞ്ഞുരുക്കാൻ സന്ധ്യ
ചെന്തീയെരിക്കും മഴക്കാടിനപ്പുറം
വിന്ധ്യ, സഹ്യാദ്രികൾ കീറി മുറിച്ചൊരു
ക്രന്ദനമെൻ കാതിലെത്തുന്നു ശാപമായ്.
ജന്മാന്തരങ്ങൾക്കുമപ്പുറം കാതോർത്തു
ഖിന്നൻ പ്രപൗത്രൻ വിലപിപ്പു നിസ്ത്രപം,
"എന്തെൻ മരതകക്കാടുകൾ കത്തിച്ചു
വൻധ്രുവപ്രാലേയശൈലമുരുക്കി നീ.
മണ്മറഞ്ഞേറെ ഗണങ്ങൾ, വസിക്കുവാ-
നില്ലനുയോജ്യമല്ലീയുർവ്വി ആകയാൽ
ചേർച്ച വരുത്തുവാനാകാതെ ജന്തുക്കൾ
ചാർച്ചയുപേക്ഷിച്ചു പിന്മടങ്ങി ദ്രുതം.
ചെന്താമരപ്പൂ വിരിഞ്ഞ സരോവര-
ബന്ധുരഗേഹം വെടിഞ്ഞു മരാളങ്ങൾ,
സിന്ദൂരസന്ധ്യകൾ പോയ് മറഞ്ഞു, ഋതു-
ബന്ധമഴിഞ്ഞു, തിര കവർന്നീക്കര."
നിൽപ്പു ഞങ്ങൾ വഴിവക്കിലധോമുഖ
ദുഃഖഭരിതരാം നിന്നുടെ പൂർവികർ,
ഒക്കെയും വെട്ടിനിരത്തി, വെണ്ണീറാക്കി
വക്ഷോജമൂറ്റിക്കുടിച്ചു തെഴുത്തവർ.
ഭൂമിയുപേക്ഷിച്ചു പോകവേ, ആവാസ
സൗരയൂഥങ്ങൾ തിരഞ്ഞലഞ്ഞീടവെ,
നിന്നന്തരാത്മാവിനാഴങ്ങളിൽ പുക-
ചിന്തും വെറുപ്പായി മാറട്ടെ പൂർവ്വികർ.
പോക നീ വത്സാ; ഉദകത്തിനിറ്റുനീർ
ശേഷിച്ചിടാത്തൊരനാവൃത്ത ഭൂമിയെ
ദൂരെ ഉപേക്ഷിച്ചു പോകെ മറക്കൊല്ല
നേരുകൾ നൽകിയ പാഠമൊരിക്കലും.






