• Created on: 2019-04-16

Illustration by Karunakaram Perambra for the poem 'Theevandikal Samarathilanu' by Malayalam poet Priyavrathan

കിതച്ചെത്തിയ ഒരു തീവണ്ടി ചോദിച്ചു
"കൊല്ലത്തിൽ എല്ലാ ദിനവും
കൊല്ലത്തു തുടങ്ങി
കൊല്ലത്തവസാനിക്കുന്നതിൽ
എന്താണൊരു ത്രില്ല്?'

അവളുടെ ലോകം
കൊല്ലത്തു തുടങ്ങിമധുരയിൽ അർദ്ധവിരാമം;
ഇടവേള കഴിഞ്ഞു മധുരയിൽ തുടങ്ങി
കൊല്ലത്തു പൂർണ്ണവിരാമം.
കാഞ്ചീപുരം അവൾക്കകലെയായിരുന്നു.
വാരണാസി എന്നും ഒരു സ്വപ്നമായിരുന്നു.
നിസാമുദീൻ ഒരു കേട്ടുകേൾവിയും.
ഒരിക്കലെങ്കിലും ഓടിയെത്തുമ്പോൾ
ഉരുക്കു പാളങ്ങൾ അപ്രത്യക്ഷമാകും എന്നവൾ കരുതി.
സമാന്തരങ്ങളിൽ അവൾ ഹതാശയായി.
പാളങ്ങളെ എന്നും നിലനിറുത്തുന്ന
വ്യവസ്ഥാപിത സ്ളീപ്പറുകളെ അവൾ വെറുത്തു.

തീവണ്ടികൾ സമരത്തിലാണ്;
ആർക്കോ വേണ്ടി ഓടാൻ മാത്രം വിധിക്കപ്പെട്ട
തീവണ്ടികൾ!
കിതച്ചു, പൊടിയേന്തി, വിതുമ്പി, കരിപിടിച്ച
എത്രയോ യാത്രകൾ!
ഒരിക്കലെങ്കിലും കാലിയായി യാത്രചെയ്യാൻ കഴിയാത്ത
പാവം തീവണ്ടികൾ.
കാലത്തിനൊപ്പമെത്താനുള്ള നിരന്തരമായ
പരക്കം പാച്ചിലുകൾ...
അവരുടെ സ്വപ്നങ്ങളിൽ പാളങ്ങളില്ലാത്ത
സമതലങ്ങൾ ഉണ്ടായിരുന്നു.
ഉരുക്കു പാളങ്ങളുടെ പ്രത്യക്ഷ നിയന്ത്രണങ്ങളും,
വിശുദ്ധ ടൈംടേബിൾ ഗ്രന്ഥത്തിന്റെ
അദൃശ്യ നിയന്ത്രണങ്ങളും ഇല്ലാത്ത
ഒരു സമലോകം ഉണ്ടായിരുന്നു.

സമയം തെറ്റി ഓടുന്ന
ഗാന്ധിധാം എക്സ്പ്രസ്സുകൾ,
ഇഷ്ടമില്ലാത്തവരുമായി ഓടുന്ന
കണ്ണൂർ എക്സ്പ്രസ്സുകൾ,
തെറ്റിദ്ധാരണ പരത്തുന്ന
അന്ത്യോദയ എക്സ്പ്രസ്സുകൾ,
ആർക്കോ വേണ്ടി പൊങ്ങച്ചം കാട്ടാൻ വിധിക്കപ്പെട്ട
രാജധാനികൾ,
ആസേതുഹിമാചലം ഭയന്നോടുന്ന
ഹിമസാഗറുകൾ,
വിവേചനത്തിന്റെ ശതാബ്ദികൾ,
ഇടയ്ക്കും മുറയ്ക്കും വൃത്തിഹീനമായ
പാസഞ്ചറുകൾ.

തീവണ്ടികൾ സമരത്തിലാണ്...
നാളെ അവർ ഇരുമ്പു പാളങ്ങളിൽ
നിന്നും പുറത്തുവരും.
അന്നവർ ഇഷ്ടമുള്ള ഇടങ്ങളിൽ
തനിയെ യാത്ര ചെയ്യും.
ആരെയും ഭയക്കാതെ,
അല്പം ധിക്കാരമായിട്ടു തന്നെ!

കെട്ടഴിഞ്ഞുലയും കബരിയായ് നിശീഥിനി, 
തൊട്ടിറ്റു നേരംകൂടി നിന്നിടാം, സ്മരണയിൽ
പറ്റിയൊരാന്ദോളന നഷ്ടചാരുതകളിൽ  
ഉറ്റുനോക്കുന്നിതാരോ രാവോ, മൃഗശീർഷമോ?

പാലം (2018)

ഉറക്കെ സംസാരിക്കുന്ന രണ്ടമ്മമാർ.
പാൽ ചുരത്താത്ത നിപ്പിൾ നുണഞ്ഞ് പ്രാമിൽ ഒരു കുഞ്ഞ്.
സിമന്റു ബഞ്ചിലിരുന്നു കഞ്ചാവു തെറുക്കുന്ന അപരിചിതൻ.
എവിടെയും പോകാനില്ലെങ്കിലും ടൈം ടേബിൾ നോക്കുന്ന മറ്റൊരാൾ.

മറ്റൊരിടം (2019)

മോദേന നീരു പകർന്നവൾ ഗൂഢമായ്
പാതി മനസ്സും പകുത്തു നൽകി.
പോയവനേകാന്തചോരനിനിയുള്ള
പാതിയും കൂടിക്കവർന്നുപോയി.

കോംഗോയിലെ വിലാപ കുമാരി (2019)

പറയുവാനാവാതെ പോയ രണ്ടക്ഷരം
ചിറകായിമാറിപ്പറന്നുപോകെ
തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.

ക്ഷമപ്പക്ഷികൾ (2019)