
പൂക്കൾ ചോദിപ്പു, "സുഹൃത്തേ മറന്നുവോ
കാറ്റു കൊള്ളാനായിറങ്ങിയൊരാദ്യനാൾ?'
കാറ്റു ചോദിപ്പു, "മറന്നുവോ നീ ഇളം
കാറ്റിന്നുടുപ്പിട്ടൊരാദ്യത്തെ നല്ലനാൾ?"
താമരത്താരിളം പാദങ്ങളിൽ നോവൊ-
രോമന മുത്തമണച്ചൊരാദ്യത്തെനാൾ,
ചേതോഹരാംഗി വസുന്ധര സംഭ്രമാൽ
കാതോർത്തു നിന്ന മനോഹരസന്ധ്യയും,
പാതിരാപ്പുള്ളുകൾ പാടിയ രാത്രിയും,
കാറ്റും, കടലും, നിലാവും മറന്നുവോ?'
കോടാനുകോടി മനുഷ്യർ നടന്നൊരീ
പാതയിൽ വീണ ദലങ്ങൾ ചോദിക്കുന്നു,
"സ്നേഹപ്രവാഹമൊരീണമായ് താരാട്ടി-
ലാടിക്കുഴഞ്ഞിളം കാതിൽ മന്ത്രിച്ച നാൾ,
ചുണ്ടു കോട്ടിക്കരഞ്ഞാദ്യത്തെ നാൾ, അതു
കണ്ടു ജനനി നിറഞ്ഞു ചിരിച്ചനാൾ,
ചുണ്ടിലാദ്യത്തെ മധുരം നിറഞ്ഞനാൾ,
ചെണ്ടലർ കാട്ടിപ്പുലരി വിരിഞ്ഞനാൾ,
ഓരോ ചുവടുമുറപ്പിച്ചു മുന്നോട്ടു
പോകെ മനുഷ്യാ മറന്നുവോ ആദ്യനാൾ?"






