• Created on: 2020-02-15

Illustration by Karunakaran Perambra for the poem 'innalaykkushesham' penned by Priyavrathan

ഒരു കുഞ്ഞുപൂവിതൾ നൽകീല, മധുരമാ-
യൊരുവാക്കു പോലുമുരച്ചീല, സ്വപ്നങ്ങൾ
വിടരും മിഴികളിൽ മിഴിനട്ടിരുന്നില്ല,
കവിളിണച്ചാർത്തിൽ പകർന്നില്ല ചുംബനം.

"മധുരമത്തേൻമൊഴി' എന്നു പറഞ്ഞില്ല,
മധുകരനായിപ്പറന്നില്ല ചുറ്റിനും,
ഇരവിൽ ഞാൻ ചോരനായെത്തിയില്ലെങ്കിലും
പ്രണയമാണെന്നു നീ ചൊല്ലാതെ ചൊല്ലിയോ?

പ്രണയമാണിന്നും, കൊഴിഞ്ഞ ദിനത്തിലും,
പ്രണയമാണിപ്പൊഴും, പൊയ്പ്പോയ രാവിലും,
പ്രണയമാണെന്നുമീ പകലിൽ വെളിച്ചമായ്,
പ്രണയാതിരേകമീ മൺവീണയെപ്പൊഴും.

നിറയുന്ന പ്രേമസംഗീതമീതന്ത്രിതൻ
നിലവിട്ടു നിന്നിലേക്കൊഴുകുന്നു രേഖയാ-
യുഴുതുമറിച്ച യവപ്പാടവും കട-
ന്നിരുളിൽ മാമ്പൂവുകൾ വിരിയുന്ന വേളയിൽ.

അരികിൽ നിൻ നൂപുരധ്വനിയുണർന്നീടുന്ന
നിമിഷമതേതെന്നു കാത്തിരിക്കുന്നു ഞാൻ.
പൊടിയിലഞ്ഞിപ്പൂക്കൾ വീണു നിറഞ്ഞിടും
തൊടിയിലേകാകിയായാരെയോർക്കുന്നു നീ?

ഒഴുകിപ്പരന്നു നിലാവുപോലെത്തുമീ-
പ്രണയകല്ലോലത്തിൽ നീന്തിത്തുടിച്ചിളം
നളിനങ്ങൾ പൊട്ടിച്ചു നൽകട്ടെ, കുങ്കുമ-
ച്ചൊടികളിൽ ചുംബനപ്പൂക്കളർപ്പിക്കട്ടെ.

* ഇന്നലെ ്രെബഫുവരി 14 (Valentine’s day) ആയിരുന്നു.

കെട്ടഴിഞ്ഞുലയും കബരിയായ് നിശീഥിനി, 
തൊട്ടിറ്റു നേരംകൂടി നിന്നിടാം, സ്മരണയിൽ
പറ്റിയൊരാന്ദോളന നഷ്ടചാരുതകളിൽ  
ഉറ്റുനോക്കുന്നിതാരോ രാവോ, മൃഗശീർഷമോ?

പാലം (2018)

ഉറക്കെ സംസാരിക്കുന്ന രണ്ടമ്മമാർ.
പാൽ ചുരത്താത്ത നിപ്പിൾ നുണഞ്ഞ് പ്രാമിൽ ഒരു കുഞ്ഞ്.
സിമന്റു ബഞ്ചിലിരുന്നു കഞ്ചാവു തെറുക്കുന്ന അപരിചിതൻ.
എവിടെയും പോകാനില്ലെങ്കിലും ടൈം ടേബിൾ നോക്കുന്ന മറ്റൊരാൾ.

മറ്റൊരിടം (2019)

മോദേന നീരു പകർന്നവൾ ഗൂഢമായ്
പാതി മനസ്സും പകുത്തു നൽകി.
പോയവനേകാന്തചോരനിനിയുള്ള
പാതിയും കൂടിക്കവർന്നുപോയി.

കോംഗോയിലെ വിലാപ കുമാരി (2019)

പറയുവാനാവാതെ പോയ രണ്ടക്ഷരം
ചിറകായിമാറിപ്പറന്നുപോകെ
തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.

ക്ഷമപ്പക്ഷികൾ (2019)