• Created on: 2020-03-30

എന്തിനി പാടേണ്ടു  ഞാൻ  നിന്റെ നൂപുരനാദ
സംഗമവരഗീതത്തിൽ മണ്ഡപമുണരുമ്പോൾ?
എന്തിനി ചൊല്ലേണ്ടു ഞാൻ അംഗ ലാവണ്യസുര-
സുന്ദരയമുനയിൽ കല്ലോലമുണരുമ്പോൾ?

ശ്യാമള സന്ധ്യാംബര ചാരുത പടരുമീ
പാവന വനികയിൽ കാറ്റു തേരോടിക്കുമ്പോൾ
ചാഞ്ചാട്ടമാടുന്ന നിൻ പൂന്തുകിൽ ഞൊറികളിൽ
കാഞ്ചന തന്തുക്കളായ് മാറുവാൻ കൊതിക്കുന്നു.

കെട്ടഴിഞ്ഞുലയും കബരിയായ് നിശീഥിനി, 
തൊട്ടിറ്റു നേരംകൂടി നിന്നിടാം, സ്മരണയിൽ
പറ്റിയൊരാന്ദോളന നഷ്ടചാരുതകളിൽ  
ഉറ്റുനോക്കുന്നിതാരോ രാവോ, മൃഗശീർഷമോ?

പാലം (2018)

ഉറക്കെ സംസാരിക്കുന്ന രണ്ടമ്മമാർ.
പാൽ ചുരത്താത്ത നിപ്പിൾ നുണഞ്ഞ് പ്രാമിൽ ഒരു കുഞ്ഞ്.
സിമന്റു ബഞ്ചിലിരുന്നു കഞ്ചാവു തെറുക്കുന്ന അപരിചിതൻ.
എവിടെയും പോകാനില്ലെങ്കിലും ടൈം ടേബിൾ നോക്കുന്ന മറ്റൊരാൾ.

മറ്റൊരിടം (2019)

മോദേന നീരു പകർന്നവൾ ഗൂഢമായ്
പാതി മനസ്സും പകുത്തു നൽകി.
പോയവനേകാന്തചോരനിനിയുള്ള
പാതിയും കൂടിക്കവർന്നുപോയി.

കോംഗോയിലെ വിലാപ കുമാരി (2019)

പറയുവാനാവാതെ പോയ രണ്ടക്ഷരം
ചിറകായിമാറിപ്പറന്നുപോകെ
തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.

ക്ഷമപ്പക്ഷികൾ (2019)