
തംബുരു മീട്ടും കരാംഗുലീസ്പർശന-
ഗംഗയിൽ നീരാടുവാനായിറങ്ങവേ
ചന്ദ്രികാചർച്ചിതരാവിൽ നിഗൂഢമീ
മന്ദാരഗന്ധമലിഞ്ഞിരുന്നു.
സുന്ദര സ്വപ്നമഗധയിൽ ഞാനൊരു
വെൺമേഘമായിട്ടലഞ്ഞീടവെ,
തെന്നലായ് നീ കപോലങ്ങളിൽ ചുംബിച്ചു,
സംഗീതമായി ഞാൻ പെയ്തിറങ്ങി.
ആരോഹണങ്ങളിലാരോ കുതൂഹലം
തേരുതെളിച്ചു കടന്നുപോയി;
പാതിരാപ്പുള്ളുകൾ, താരകങ്ങൾ, നീല-
രാവിലേകാന്ത മൃഗാങ്കബിംബം,
പാതിയുറങ്ങിയുണർന്ന മുളങ്കാടു,
പാടലീപുത്രരണാങ്കണങ്ങൾ.
ഏതോ പുരാതന സംഘസ്ഥലികളിൽ
ആരവാരോഹണ ഗീതി മൂളി;






