• Created on: 2021-01-30

Illustration by Karunakaran Perambra for the poem 'Akrithrimam' penned by Priyavrathan

 ഇല്ലാത്തമേശമേൽ കാലുകൾ കേറ്റിവ-
ച്ചുല്ലാസവാനായിരിക്കുന്നു, കൈകളിൽ
ചെല്ലാത്ത കത്തിലെ, ചൊല്ലാവചനത്തി-
നുള്ളിലെ സ്നേഹം തിരയുന്നു മാനസം.

ഗ്രാവിറ്റിയില്ലാത്ത വാക്കുകൾ ഭൂമിവി-
ട്ടാകാശമാർഗ്ഗേ ചരിക്കുന്നതിൽനിന്നു
തൂമഞ്ഞുതുള്ളിയടർന്നെത്തി മണ്ണിന്റെ
ചൂടു നുകർന്നൊഴുകുന്നു നിരന്തരം.

നീയതിൽ തോണിയിറക്കുന്നമരത്തു
കാവലില്ലൂന്നുകഴയില്ല, പായില്ല,
പോകേണ്ടദിക്കറിയിക്കുമുഡുക്കളി-
ല്ലാരതി കാട്ടുന്ന സൗരതേജസ്സില്ല.

വാഹിനി ചില്ലുപാത്രത്തിൽ തുളുമ്പുന്നു,
തോണിയിൽ നീ വീണുറങ്ങുന്നു, നിൻ മൃദു-
വേണീതിരകളിൽ, വേലിയേറ്റങ്ങളിൽ
ഞാനലിഞ്ഞില്ലാതെയാകുന്നകൃത്രിമം.

കെട്ടഴിഞ്ഞുലയും കബരിയായ് നിശീഥിനി, 
തൊട്ടിറ്റു നേരംകൂടി നിന്നിടാം, സ്മരണയിൽ
പറ്റിയൊരാന്ദോളന നഷ്ടചാരുതകളിൽ  
ഉറ്റുനോക്കുന്നിതാരോ രാവോ, മൃഗശീർഷമോ?

പാലം (2018)

ഉറക്കെ സംസാരിക്കുന്ന രണ്ടമ്മമാർ.
പാൽ ചുരത്താത്ത നിപ്പിൾ നുണഞ്ഞ് പ്രാമിൽ ഒരു കുഞ്ഞ്.
സിമന്റു ബഞ്ചിലിരുന്നു കഞ്ചാവു തെറുക്കുന്ന അപരിചിതൻ.
എവിടെയും പോകാനില്ലെങ്കിലും ടൈം ടേബിൾ നോക്കുന്ന മറ്റൊരാൾ.

മറ്റൊരിടം (2019)

മോദേന നീരു പകർന്നവൾ ഗൂഢമായ്
പാതി മനസ്സും പകുത്തു നൽകി.
പോയവനേകാന്തചോരനിനിയുള്ള
പാതിയും കൂടിക്കവർന്നുപോയി.

കോംഗോയിലെ വിലാപ കുമാരി (2019)

പറയുവാനാവാതെ പോയ രണ്ടക്ഷരം
ചിറകായിമാറിപ്പറന്നുപോകെ
തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.

ക്ഷമപ്പക്ഷികൾ (2019)