• Created on: 2021-03-07

Illustration by Karunakaram Perambra for the poem Ravine Thalarthuvaan written by Priyavrathan

എന്തു നീ തിരിച്ചെത്തി! ഇത്തുരുത്തിലെ ചിര-
സ്പന്ദനം കേൾക്കാൻമാത്രം പിന്നെയുമണഞ്ഞെന്തേ?
ഉന്നതവരശ്രീമൽസൗഭഗോപാന്തം തേടി
അന്നൊരു രാവിൻകേവുവള്ളം നീ തുഴഞ്ഞുപോയ്.

ചിന്നിയ വർഷാശ്രുക്കൾ, വിച്ഛിന്ന നിനവുകൾ,
ഛിന്നഭിന്നമായിപ്പോയെൻ സ്വാസ്ഥ്യശാരദചിത്തം.
ഒന്നണഞ്ഞിരുന്നെങ്കിൽ, ഒന്നണച്ചിരുന്നെങ്കി-
ലെന്നു ഞാനുൾത്താപത്തിലെത്രയോ കൊതിച്ചുപോയ്.

പിന്നെയുൾക്കരുത്തിന്റെ ചുരികയുമെടുത്തുകൊ-
ണ്ടിന്നലെപ്പോലും യുദ്ധം ചെയ്തു ഞാനശ്വാരൂഢ.
കണ്ണിമയ്ക്കുവാനൊരു തണൽ തേടീലൊരുവട്ടം,
കൺകുളിർക്കുവാൻ വർണ്ണരാജികൾ തേടീലൊട്ടും.

സ്വർണ്ണമാകന്ദഫലസൗരഭം വിതറുന്ന
പൊന്മണിത്തെന്നൽ കാതിൽ പുന്നാരം പറഞ്ഞിട്ടും
ഒന്നുനിന്നീല, തിരിഞ്ഞൊന്നു നോക്കീല ചുറ്റും
പൊൻപ്രഭാതല്പം തീർത്തു ഭാനുമാൻ ക്ഷണിക്കിലും.

പർജ്ജന്യഭേരീനാദ വിസ്മയമൊരുക്കിക്കൊ-
ണ്ടശ്യാമവർണ്ണൻ വർഷകാർമുകം കുലച്ചിട്ടും
പുൽക്കൊടിത്തുമ്പിൽ നിഴൽ വീഴ്ത്തിയെൻ ശ്യാമാശ്വങ്ങൾ
ഇക്ഷിതി വലംവച്ചു മേൽപ്പോട്ടു കുതിച്ചുപോയ്.

പണ്ടൊരുനാളിൻ ശപ്തശാന്തിയിലുപേക്ഷിച്ച
സുന്ദരതാരാങ്കിത മാദകരജനിയെ
എന്തിനു തിരഞ്ഞു നീ പിന്നെയുമണയുന്നു
ഇന്ദുഗോപങ്ങൾ പോലെ രാവിനെ തളർത്തുവാൻ?


വനിതാദിന സ്മരണകളോടെ (March 8) 

കെട്ടഴിഞ്ഞുലയും കബരിയായ് നിശീഥിനി, 
തൊട്ടിറ്റു നേരംകൂടി നിന്നിടാം, സ്മരണയിൽ
പറ്റിയൊരാന്ദോളന നഷ്ടചാരുതകളിൽ  
ഉറ്റുനോക്കുന്നിതാരോ രാവോ, മൃഗശീർഷമോ?

പാലം (2018)

ഉറക്കെ സംസാരിക്കുന്ന രണ്ടമ്മമാർ.
പാൽ ചുരത്താത്ത നിപ്പിൾ നുണഞ്ഞ് പ്രാമിൽ ഒരു കുഞ്ഞ്.
സിമന്റു ബഞ്ചിലിരുന്നു കഞ്ചാവു തെറുക്കുന്ന അപരിചിതൻ.
എവിടെയും പോകാനില്ലെങ്കിലും ടൈം ടേബിൾ നോക്കുന്ന മറ്റൊരാൾ.

മറ്റൊരിടം (2019)

മോദേന നീരു പകർന്നവൾ ഗൂഢമായ്
പാതി മനസ്സും പകുത്തു നൽകി.
പോയവനേകാന്തചോരനിനിയുള്ള
പാതിയും കൂടിക്കവർന്നുപോയി.

കോംഗോയിലെ വിലാപ കുമാരി (2019)

പറയുവാനാവാതെ പോയ രണ്ടക്ഷരം
ചിറകായിമാറിപ്പറന്നുപോകെ
തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.

ക്ഷമപ്പക്ഷികൾ (2019)