• Created on: 2021-12-10

Illustration by Karunakaram Perambra for the poem 'Marjaram' by Malayalam poet Priyavrathan

തട്ടുംപുറത്തു കയറുവാനുള്ള
കോവണിയുടെ ചുവട്ടിൽ
കറുത്ത പൂച്ച ഇല്ലായിരുന്നു.

വായനയിൽ മുഴുകിയ
അയാളുടെ കാലുകളിൽ
വളരെ മൃദുവായി
നനുത്ത രോമക്കുപ്പായം ഉരച്ചുകൊണ്ടു
പൂച്ച എത്തിയതുമില്ല.
വസന്തത്തിന്റെ വരവു നോക്കി
ജനൽപ്പടിയിൽ പൂച്ച ഇല്ലായിരുന്നു.
പ്രതിമപോലെ അനങ്ങാത്ത ശരീരത്തിനു താഴെ
ഇടയ്ക്കിടെ ചലിപ്പിക്കുന്ന,
നിബിഡമായ വാലുള്ള
പൂച്ച ഇല്ലായിരുന്നു.
വിശക്കുമ്പോൾ
മന്ദ്രസ്ഥായിയിൽ "മ്യാവു' വിളിക്കുന്ന
വെളുത്ത മീശയുള്ള
പൂച്ച ഇല്ലായിരുന്നു.
തടവുമ്പോൾ
അനുകൂലമായി നിൽക്കുന്ന,
ലാളിച്ച വിരലുകളെ
സ്നേഹപൂർവ്വം നക്കുന്ന,
"ലില്ലി' എന്നു പേരിടാവുന്ന
പൂച്ച ഇല്ലായിരുന്നു.
ഇന്ദ്രജാലം പോലെ
അപ്രത്യക്ഷമാവുന്ന
നരച്ച നഖരങ്ങളുള്ള പൂച്ച,
തലയിണയിൽ ചുരുണ്ടു കൂടികിടപ്പില്ലായിരുന്നു.
അങ്ങനെ സുന്ദരിയായ ഒരു പൂച്ച
അയാളുടെ വീട്ടിൽ
ഒരിക്കലുമില്ലായിരുന്നു.
അങ്ങനെ ഒരു പൂച്ച അയാളുടെ വീട്ടിൽ നിന്നും
പുറപ്പെട്ടു പോയിരുന്നില്ല.
അതിനെ തിരഞ്ഞയാൾ
തെരുവിലൂടെ അലഞ്ഞു നടന്നില്ല.
റയിൽപാതയ്ക്കരികിലുള്ള പൊന്തക്കാട്ടിൽ
എലികളുമായി ഒളിച്ചുകളിക്കുന്ന പൂച്ചയെ
അയാൾ കണ്ടിരുന്നില്ല.
നിങ്ങൾ കേട്ടുവോ
മന്ദ്രസ്ഥായിയിൽ ഒരു മദ്ധ്യമം?

കെട്ടഴിഞ്ഞുലയും കബരിയായ് നിശീഥിനി, 
തൊട്ടിറ്റു നേരംകൂടി നിന്നിടാം, സ്മരണയിൽ
പറ്റിയൊരാന്ദോളന നഷ്ടചാരുതകളിൽ  
ഉറ്റുനോക്കുന്നിതാരോ രാവോ, മൃഗശീർഷമോ?

പാലം (2018)

ഉറക്കെ സംസാരിക്കുന്ന രണ്ടമ്മമാർ.
പാൽ ചുരത്താത്ത നിപ്പിൾ നുണഞ്ഞ് പ്രാമിൽ ഒരു കുഞ്ഞ്.
സിമന്റു ബഞ്ചിലിരുന്നു കഞ്ചാവു തെറുക്കുന്ന അപരിചിതൻ.
എവിടെയും പോകാനില്ലെങ്കിലും ടൈം ടേബിൾ നോക്കുന്ന മറ്റൊരാൾ.

മറ്റൊരിടം (2019)

മോദേന നീരു പകർന്നവൾ ഗൂഢമായ്
പാതി മനസ്സും പകുത്തു നൽകി.
പോയവനേകാന്തചോരനിനിയുള്ള
പാതിയും കൂടിക്കവർന്നുപോയി.

കോംഗോയിലെ വിലാപ കുമാരി (2019)

പറയുവാനാവാതെ പോയ രണ്ടക്ഷരം
ചിറകായിമാറിപ്പറന്നുപോകെ
തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.

ക്ഷമപ്പക്ഷികൾ (2019)