• Created on: 2021-10-18

Illustration by Karunakaram Perambra for the poem 'Kalanjupoya Manasam' by Malayalam poet Priyavrathan

മാലിനീതീരനികുഞ്ജത്തിലോ സുര-
മോഹിനികൾ വാണ വാടിയിലോ?
കാനനവേണുവിൽ വീണുമയങ്ങിയ
ദ്വാപരസന്ധ്യാദളങ്ങളിലോ?
പാർവ്വണചന്ദ്രിക മോഹവിരിപ്പിട്ടൊ-
രാര്യഹിമാലയ ശൃംഗത്തിലെ,
മാരമനോരഥ യുദ്ധത്തിലോ മമ
മാനസമെന്നോ കളഞ്ഞുപോയി.

പ്രേമസുരഭിലമത്തീരഭൂമിയിൽ,
പോയ പുരാതന നാളുകളിൽ,
മാദകസങ്കല്പനർത്തനമാടിയ
മായാമയൂരങ്ങൾ മേഞ്ഞിരുന്നു.

താരകരാവിന്റെ നീലക്കയങ്ങളി-
ലോളങ്ങൾ നെയ്ത വിരഹഗാനം,
ഏതോ ചകോരഗളത്തിന്റെ ദുഃഖവും
പേറി യുഗങ്ങൾ തുഴഞ്ഞെത്തവേ,
താരമനോഹാരിണീ കണ്ടുവോ മമ
മാനസം നീ പോയ വീഥികളിൽ?

ചാരെ തുറന്ന കിളിവാതിലും കട-
ന്നാരാലണഞ്ഞൊരീയഗ്നികീടം,
നേരിട്ടുവന്ന നിൻ ദൂതികയാണഴൽ
ചേരാത്തൊരോമൽ നിലാവെളിച്ചം;
ഓമനേ എന്നിൽ നിറയ്ക്കുന്നു സ്വച്ഛമ-
ന്നാരോ കവർന്നൊരെൻ മാനസത്തെ.

കെട്ടഴിഞ്ഞുലയും കബരിയായ് നിശീഥിനി, 
തൊട്ടിറ്റു നേരംകൂടി നിന്നിടാം, സ്മരണയിൽ
പറ്റിയൊരാന്ദോളന നഷ്ടചാരുതകളിൽ  
ഉറ്റുനോക്കുന്നിതാരോ രാവോ, മൃഗശീർഷമോ?

പാലം (2018)

ഉറക്കെ സംസാരിക്കുന്ന രണ്ടമ്മമാർ.
പാൽ ചുരത്താത്ത നിപ്പിൾ നുണഞ്ഞ് പ്രാമിൽ ഒരു കുഞ്ഞ്.
സിമന്റു ബഞ്ചിലിരുന്നു കഞ്ചാവു തെറുക്കുന്ന അപരിചിതൻ.
എവിടെയും പോകാനില്ലെങ്കിലും ടൈം ടേബിൾ നോക്കുന്ന മറ്റൊരാൾ.

മറ്റൊരിടം (2019)

മോദേന നീരു പകർന്നവൾ ഗൂഢമായ്
പാതി മനസ്സും പകുത്തു നൽകി.
പോയവനേകാന്തചോരനിനിയുള്ള
പാതിയും കൂടിക്കവർന്നുപോയി.

കോംഗോയിലെ വിലാപ കുമാരി (2019)

പറയുവാനാവാതെ പോയ രണ്ടക്ഷരം
ചിറകായിമാറിപ്പറന്നുപോകെ
തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.

ക്ഷമപ്പക്ഷികൾ (2019)