
വാതായനത്തിലുടാടിക്കുഴഞ്ഞുപോ-
മാവണിത്തെന്നലിൻ നാട്ടിൽ,
താരകരാജകുമാരികൾക്കൊപ്പമാ-
ണാവസിക്കുന്നതീവീട്ടിൽ.
നീലവിശാലത കണ്ടുണരാൻ ഇന്ദ്ര-
നീലാഭ കണ്ണിൽത്തുടിക്കാൻ,
ആകാശഗംഗയിലേക്കു തുറക്കുന്നു
ജാലകം ശയ്യാഗരത്തിൽ.
നീലനിലാവിൻ മടിത്തട്ടിലാലസം
നീ വീണുറങ്ങുന്ന രാവിൽ,
ഏതോ മനോഹര സ്വപ്നപഥങ്ങളിൽ
താനേമറന്നു ചരിക്കെ,
നീ ചിരിക്കും, മൃദുസ്വേദമുകുളങ്ങൾ
ലോലോഷ്ഠകത്തിൽ പൊടിക്കും.
ഞാനതു ചുംബിച്ചെടുക്കും വിദൂരത്തി-
ലേതോ വിഷുപ്പക്ഷി പാടും.
ചോരശശാങ്കനൊളിഞ്ഞു നോക്കും തിര-
ശ്ശീലാളകങ്ങളിലൂടെ.
നാണംകുണുങ്ങികൾ ചാരത്തു വന്നൊരു
കാര്യം പറഞ്ഞിടും മട്ടിൽ,
സൂര്യകിശോരകരങ്ങൾ സന്ദേഹിച്ചു
കാലത്തു വന്നുണർത്തീടും.
ചേതോഹരാരാമ പുഷ്പതല്പങ്ങളിൽ
ജാരഭൃംഗങ്ങൾ രമിക്കും.
ഏല, ലവംഗ സുഗന്ധനിവേശിത
ലോലാനിലൻ നൃത്തമാടും.
ഫുല്ലനിഗൂഢനികുഞ്ജങ്ങളിൽനിന്നു
ചില്ലുപാത്രം വീണപോലെ,
ചെല്ലെച്ചിരിക്കുന്നതാരോ, കുമാരിമാ-
രെല്ലാവരും കൂടെയാണോ?
വാസന്തനീരിൽ നിലാവുകുറുക്കിയ
മാധുര്യപീയൂഷപേയം,
സാരം നുണഞ്ഞ രസോന്മത്തഭാവനാ-
ചാരുചകോരം പറക്കെ,
താരാപഥത്തിലൂടോരോയുഗത്തിലേ-
ക്കോടും രഥമൊന്നു മുന്നിൽ
വാതിൽ തുറന്നു ക്ഷണിക്കുന്നു, ഹൃദ്യമീ
തേരിൽക്കരേറുന്നു ക്ഷിപ്രം.
ആരാണു ചുറ്റിലുമപ്സരകന്യകൾ
മാരശരങ്ങളുമായി!
മാദകഗന്ധം ചുരത്തിക്കടുംചോപ്പു
ചേല വിലോലമണിഞ്ഞും
ചായംപുരട്ടിയ ചുണ്ടിൽ മദാലസ
മായികമാധുര്യഹാസം!
നീരസാൽ ചോദിപ്പു "മാറ്റൊലി കേട്ടുവോ
ഘോരാരവത്തിന്റെയൊപ്പം?
മാറുകയാണീപ്രപഞ്ചമനുക്ഷണം
മാറാത്തതൊന്നു നീ മാത്രം.''
നൂറായിരം വിരൽ ചൂണ്ടിടുമ്പോൾ മുന്നി-
ലാരനിഷ്യേദ്ധ്യനായ് നിൽക്കും!
നൂറുനൂറഞ്ചിത സിംഹാസനങ്ങളിൽ
മാറിയിരുന്നിട്ടുപോലും
മാറാത്തൊരുള്ളിന്നടിത്തട്ടിലാശ്ചര്യ-
മാരോ നിഗൂഢം ചിരിച്ചു.
മാറാലയിൽ തന്ത്രിമീട്ടിയൊരുകുഞ്ഞു
ലൂതയും കൂടെച്ചിരിച്ചു.
മാറാപ്പുദൂരെയെറിഞ്ഞു നിരാലംബ-
താരമായെങ്ങും ചരിക്കേ,
തേടിയ പ്രാപഞ്ചസൗന്ദര്യസാരമ-
ങ്ങോരോയിടത്തും വിളങ്ങി.






