
ഇരുളിന്നൊളിക്കുവാനിടമൊട്ടുമില്ലാത്ത
പഴയോല മേഞ്ഞ വിദ്യാലയത്തിൻ
അരഭിത്തി ചാടിക്കടന്നു ശീലിച്ചയാൾ
അലയാഴി താണ്ടിക്കടന്നെങ്കിലും,
പരിഭവച്ചിന്തുകൾ, കലഹോത്സവങ്ങൾ, കാൽ-
ത്തളപോലെ പൊട്ടിച്ചിരികൾ വീണ്ടും
ഉണരുന്നൊരോർമ്മതൻ കളിമുറ്റമാശ്ചര്യ-
മകതാരിലെന്നും നിറഞ്ഞു നിൽപ്പൂ.
Youtube link: https://youtu.be/QrCOwjnHlYk?si=EErWj9cManSRKmv_
ശുനകമാർജ്ജാരങ്ങളഗതികൾ പാമ്പുകൾ
സഹകരിച്ചിരവിൽ കഴിഞ്ഞിരുന്നാ
പഴയ പള്ളിക്കൂടച്ചെറുതിണ്ണയിൽ നഗ്ന-
പദമൂന്നി നിൽക്കുവാനുരിയമോഹം.
കുളിരുള്ള കാറ്റുകൊണ്ടാരോ കടഞ്ഞെടു-
ത്തകവും പുറവും തിരിച്ച വാതിൽ.
ചുവരുകളാകാശചിത്രങ്ങൾ, നരവീണ
ഫലകത്തിലക്ഷരപ്പടയാളികൾ.
പകലിലും താരകൾ മേൽക്കൂരയിൽ വന്നു
പതിവായി നോക്കിച്ചിരിച്ചുനിൽക്കും.
ഇടവത്തിലും, തുലാവർഷത്തിലും തുള്ളി
മുറിയാതെയുള്ളിൽ കുണുങ്ങിവീഴും.
മഴവരും മുമ്പേ മുഴങ്ങും മണി, മാന-
മിടിമുഴക്കത്തിൽ പിണങ്ങിനിൽക്കെ,
ഒരു കുടക്കീഴിലെ സൗഹൃദം വഴിയിലെ
ചെളിയിൽക്കളിച്ചു രസിച്ചുപോകും.
പെരുചേമ്പിലക്കുടചൂടി തുലാമഴ
പുലരിയിൽ പള്ളിക്കൂടത്തിലെത്തും
ചിനു ചിനെ ചിന്നിച്ചിലമ്പുകുലുക്കിയ
പകലോ പനിച്ചു മറഞ്ഞു നിൽക്കും.
മറയില്ല, മുറികളായ് തിരിവില്ല, കാറ്റിനു
കയറിയിറങ്ങുവാനാണുപോലും,
ഗണിതവും, കഥകളും, പാട്ടും, കരച്ചിലും
ഒഴുകുന്ന തെന്നലോടൊട്ടിനിൽക്കും.
കടു വറക്കുമ്പോൾ കടന്നുവരും കാറ്റു
"കെയറോ'ടെ കാര്യം പറഞ്ഞു നിൽക്കും,
ഒരുകപ്പലോടിച്ചു നാവിൻ മുനമ്പിലൂ-
ടെവിടെയും കൊള്ളാതെ ഞാനിരിക്കും.
കരളിന്നിടങ്ങളിൽ കുടിയേറിയോർ നിത്യ
ഹരിതവനം പോലെ സഹപാഠികൾ,
അരിമുല്ലപോലെ ചിരിച്ചു, കൺമുനകൊണ്ടു
കരളും കവർന്നു കടന്നുപോകും!
നിറമുള്ള സ്വപ്നങ്ങൾ തൻ വളപ്പൊട്ടുകൾ
കഥകൾക്കു പകരം പകർന്ന കാലം!
കടമെത്ര മഞ്ചാടിയുണ്ടു കൊടുക്കുവാ-
നിനിയെത്തുമോ പോയ ബാല്യകാലം?
* CARE www.care.org






