സത്യത്തിൽ സ്വപ്‌നങ്ങൾ എത്ര വിസ്മയകരമാണ്. അതിൽ നിന്നും ഉണരുവോളം സ്വപ്നങ്ങൾ യാഥാർഥ്യമാണ്. സ്വപ്നത്തിൽ നാം സന്തോഷിക്കുന്നു, ദൂഖിക്കുന്നു, ഭയക്കുന്നു. മറവിയുടെ മാറാല കെട്ടിയ പഴയ അനുഭവങ്ങൾ അവിടെ പുനർജ്ജനിക്കുന്നു. വ്യത്യസ്ത ഭൂമികകളിൽ, പുതിയ ചേരുവകളിൽ ഗതാനുഭവങ്ങൾ പുനരവതരിക്കപ്പെടുന്നു. എത്ര മനോഹരമാണു സ്വപ്‌നങ്ങൾ.
സ്വപ്‌നങ്ങൾ യാത്രപോലെയാണ്. നിറമുള്ള ഭൂമികകൾ താണ്ടി അനുഭവങ്ങളുടെ ഖനി തേടിയുള്ള യാത്ര. ഇരുളിന്റെ കൊട്ടകയിലെ വെള്ളിത്തിരയിലെത്തുന്ന ചലച്ചിത്രം പോലെ സംഭവ ബഹുലമായ സ്വപ്‌നങ്ങൾ. ഇനി ഈ കവിത വായിച്ചു നോക്കു. സ്വപ്നാ ടാക്കീസ് എന്നാണ് കവിതയുടെ പേര്.
https://youtu.be/KIH8zoQUXWQ?si=wY1gB3Gyg26wCmwv
Youtube link: https://youtu.be/KIH8zoQUXWQ?si=wY1gB3Gyg26wCmwv
രജത നിദ്രാതിരശ്ശീലയിൽ സപ്ത
നിറമണിഞ്ഞശ്വബന്ധരഥങ്ങളിൽ
പൊലിമയോടെഴുന്നെള്ളുന്ന സ്വപ്നമേ
വരിക വീണ്ടും നിശാദർശനങ്ങളിൽ.
രജനി താരകൾ കൊണ്ടു മേലാപ്പിട്ട
പഴയ ടാക്കീസിനുള്ളിൽ നിലത്തിരു-
ന്നൊരുപിടിച്ചൂടു കടലയും ഉദ്വേഗ-
നിമിഷ പാനീയവും കൊണ്ടിരിപ്പു ഞാൻ.
മറവി മാറാല മൂടിയ രംഗങ്ങൾ
നിറയെ വർണ്ണങ്ങൾ ചാർത്തി വന്നെത്തുന്നു.
പ്രണയ കല്ലോല ജാലങ്ങളിൽ തോണി
അഴിമുഖത്തിലേക്കെത്തുന്നനശ്വരം.
മണലിലാരോ കളിത്തട്ടു കാക്കുന്നു,
മധുരമുള്ളോരിതൾ വച്ചുനീട്ടുന്നു,
മെതി കഴിഞ്ഞു വൈക്കോലിൽ തിമിർക്കുന്നൊ-
രിരവിലാരോ ഒളിക്കുന്നു ചുംബനം.
കലഹമെത്തിനോക്കുന്നൊരാ ജാലക-
പ്പഴുതിലുല്ലാസഘോഷം നിറയ്ക്കുന്നു.
കരതലത്തിലെ രേഖയിൽ കൊള്ളിമീ-
നിടറി വീഴുന്നു വർഷപാതങ്ങളും.
ഝടുതിയെത്തുന്നിടവേളയിൽ കണ്ണു-
തിരുമിയോടുന്നു മാവിൻ ചുവട്ടിലെ
ലവണ ലാവണ്യ ധാരയിൽ മാത്രകൾ
മതിമറന്നിട്ടു പോകുന്നു പിന്നെയും.
പുക മുറിച്ചുകൊണ്ടെത്തുന്നറിയിപ്പു
"പുകവലിക്കുവാൻ പാടില്ല," പിന്നെയും!
നിറയെ വർത്തമാനങ്ങൾ നിറഞ്ഞൊരീ
പഴയ കൊട്ടക സമ്പൂർണ്ണമാകുന്നു.
നിറയെ നൃത്തങ്ങൾ, ഗാനങ്ങൾ, സംഘർഷ-
ഭരിത സംഘട്ടനങ്ങൾ, തമാശകൾ,
കദന പാതങ്ങൾ, കാറോട്ടവേട്ടയ്ക്കു-
മൊടുവിലെന്തെന്നു കാത്തിരിപ്പല്ലയോ!
പുലരി തല്ലിയുണർത്തുന്നു, ചമ്മിയ
ചിരി പരക്കുന്നു, സ്വപ്നമേ നീയിനി
പകലൊരുക്കും കിനാവിനു കൈകൊടു-
ത്തിവിടെയെങ്ങോ മറഞ്ഞിരിക്കുന്നുവോ?
രജത നിദ്രാതിരശ്ശീലയിൽ സപ്ത
നിറമണിഞ്ഞിന്ദ്ര ചാപം കുലച്ചുകൊ-
ണ്ടൊഴുകിയെത്തുന്ന വിസ്മയാകാരമെ
വരിക വീണ്ടും നിശാദർശനങ്ങളിൽ.
-----------------
23.08.2023






