
പാതിയൊഴിഞ്ഞ 'ഗിന്നസ്സും', നിലാവിറ്റു
വീണപോലഞ്ചാറു ചീനപാത്രങ്ങളും,
ജീവിതം പോലെ മെഴുക്കു പുരണ്ടൊട്ടു
വീഴാതെ തൂങ്ങിപ്പിടിച്ച തൂവാലയും,
കാത്തിരുന്നാറിത്തണുത്ത പാൽപാത്രവും
കാപ്പി വഹിക്കുന്നലങ്കാര കോപ്പയും
ഉപ്പും മുളകും നിറച്ച പത്രാസുള്ള
കുപ്പികൾക്കൊപ്പം നിറഞ്ഞൊരു കൂജയും,
പിച്ചിപ്പറിച്ചനാകർഷകമാക്കിയ
റൊട്ടിയും ചാരത്തതിൻ ശൂന്യമൂടിയും,
മേരിതൻ മേശപ്പുറം മഴക്കാറുപോൽ
നേരിന്നിരുണ്ട കിനാവുകൾ നെയ്യുന്നു.
കാത്തിരിക്കാനാരുമില്ലെങ്കിലും സദാ-
ഓർത്തിരിക്കുന്നു നീയെന്നും ചടങ്ങുപോൽ.
നേർത്ത പദസ്വന ശാന്തിസംഗീതിയെ
സാക്ഷാ തുറന്നെതിരേൽക്കുവാനായുന്നു.
ഇമ്പമോടെത്തും വിളികൾ കേൾക്കാൻ കാതു
വെമ്പിക്കൊതിക്കുന്നു രാപകലെന്നിയെ.
ഞെട്ടിയുണർത്തുന്ന സ്വപ്നദുഃഖങ്ങളിൽ
ഞെട്ടറ്റുവീണ ഹതാശ നീയെങ്കിലും,
നിത്യമൊരുക്കുന്നൊരത്താഴമേശയ്ക്കു
ചുറ്റിലുമാശാവിളക്കു തെളിക്കുന്നു.
അപ്പവും മീനുമൊരുക്കി, ചഷകത്തി
ലിത്തിരി മുന്തിരിനീരുമായെത്രയോ
മുഗ്ദ്ധ നിശീഥിനിയാമങ്ങളാണ്ടുകൾ
പൊട്ടിക്കരഞ്ഞു നീ കാത്തിരിപ്പല്ലയോ.
ഒട്ടിവിശന്ന വയറുമായെത്തുന്ന
ഭഗ്നഹൃദയനൊരാൾ മെല്ലെ മുട്ടവേ,
പൊട്ടിയുണരുന്നുറവകൾ സ്നേഹാർദ്ര
ദുഗ്ദ്ധമൊഴുക്കുവാൻ കാത്തിരിപ്പല്ലയോ!
-----------
ഗിന്നസ്സ് (Guinness): ഇരുണ്ട നിറമുള്ള ഒരു ബിയർ - alcoholic beverage






