• Created on: 2013-09-03

Illustration by Karunakaram Perambra for the poem 'Shathrupaksham' by Malayalam poet Priyavrathan
ഒരുശത്രു വേണം കറുപ്പും വെളുപ്പുമാ-
യിഴചേർന്ന ചതുരക്കളങ്ങളിലാടുവാൻ.
പടവെട്ടുവാൻ, രുധിരപാനോത്സവത്തിന്റ
ലഹരിയിലുന്മാദനൃത്തം ചവിട്ടുവാൻ,
ഒരുശത്രു വേണം തളർന്ന പഞ്ചേന്ദ്രിയ-
പ്പടയാളികൾക്കു സുജേമനം നല്കുവാൻ.

മുഖമറ്റ ജനവിസ്മയത്തിന്റ പെരുവെള്ള-
മലറിക്കുതിക്കുന്ന പഥസഞ്ചയങ്ങളിൽ,
നിഴലുകൾ മാത്രമായലയുന്ന സ്വത്വത്തി-
നഴകും പ്രഭാവവും വാർത്തെടുത്തീടുവാൻ
ഒരുശത്രു വേണം; കുഴൽവിളി, കൊമ്പൊലി
പടഹധ്വനി കൊടിക്കൂറപാറുന്നൊരീ
പടനിലത്തുത്സവമാടിത്തിമർക്കുവാൻ,
ശരമാരി കൊണ്ടൊളിചിമ്മും പ്രഭാകര-
ദ്യുതി മറച്ചീടുവാൻ, ശ്യാമപക്ഷംപോലെ
ചിറകുകളോരോന്നരിഞ്ഞെടുത്തീടുവാൻ,
അണതകർത്തലറിക്കുതിച്ചെത്തി ഇണയുടെ
അടരാൻകൊതിക്കുന്ന ചുണ്ടിലെ ചുംബന-
പ്പനിനീർസുമങ്ങൾ കവർന്നെടുത്തീടുവാൻ,
വിജിഗീഷുവായ് നെഞ്ചിലിടിമുഴക്കം തീർത്തു
മൃഗമായി ചാട്ടവാറടിപോലെ ഉന്മത്ത-
ഭരിതനായരിയെത്തഴഞ്ഞു തോൽപ്പിക്കുവാൻ,
മദനോത്സവത്തിന്റ സാന്ധ്യമയക്കത്തി-
ലലസഹാസത്തിന്റെ മഴയുതിർത്തീടുവാ-
നൊരുശത്രു വേണം; പരാജയപ്പടുകുഴി
മണലിട്ടുമൂടുവാൻ, പഴിപറഞ്ഞീടുവാൻ
ഗണിതങ്ങൾ തെറ്റവേ, നിലപാടു മാറ്റവേ
പഴിചാരുവാൻ, പിന്നെ മൊഴിയഴിച്ചീടുവാൻ,
നിഴൽയുദ്ധമാടിപ്പലായനം ചെയ്യുന്ന
ഒരുശത്രു വേണം; ഒളിയമ്പുകൊണ്ടൊരു
തലയറുത്തീടുവാൻ, വീരനായ്ത്തീരുവാൻ,
കനകസിംഹാസനം, ചെങ്കോൽ, കിരീടവും,
പറുദീസതോൽക്കുന്ന അന്തപ്പുരങ്ങളും,
നവധാന്യമൊഴിയാത്ത കലവറ, തോരാത്ത
കളധൗതവർഷം കവിഞ്ഞ ഭൺഡാരവും,
പകലന്തി ഒാടിയാൽതീരാത്തഭൂമിയും,
പ്രജകളും, പ്രജയെനയിക്കുന്ന പ്രജ്ഞയും,
കരഗതമാക്കുവാൻ പ്രഥമനായ് തീരുവാ-
നൊരുശത്രു കണിശമായ് മുന്നിലുണ്ടാവണം.
രുധിരം നനച്ച കൊടിക്കൂറപാറവെ
ചിതയിൽ കബന്ധമെരിഞ്ഞടങ്ങീടവേ,
ഇരുളിൻകയത്തിലെ ദീർഘനിശ്വാസങ്ങ-
ളണപൊട്ടി എൻകാതിലലമുറയാകവേ,
പടികൾകടക്കുവാൻ, ഗിരികടന്നീടുവാൻ
വഴിമുട്ടിയകതാരു കൊതിപൂണ്ടുനിൽക്കവേ,
വിരസമായ്തീരും നിമേഷങ്ങൾ മല്ലിട്ടു
നിഭൃതപഞ്ചേന്ദ്രിയം ക്ഷമയറ്റു നിൽക്കവെ
തിരയുന്നു ഞാനെന്റശത്രുവെ തിരയുന്നു.

ഒരു മത്സരത്തിന്റ പോർവിളി കേൾക്കുവാൻ
എവിടെ നീ? എന്നശ്വമിടയുന്നു, ലക്ഷ്യങ്ങ-
ളിനിയില്ല, നാഭിയിൽ കടലിരമ്പുന്നു, കാൽ
തളരുന്നു, വാക്കിലോ ചില്ലുകൾ ചോരുന്നു.
എവിടെ നീ ശത്രുവേ? നീ ഇല്ല എങ്കിലീ
പടയോട്ടമിനിയില്ല, പടയണി വേറില്ല,
നീ ഇല്ല എങ്കിലീ ഞാനില്ല, എന്നൂറ്റ-
മൂടറ്റ പാവിന്നഹങ്കാരമല്ലയൊ?

അറിയുന്നു, നീ എന്നിൽ നിറയും ഉഷസ്സിന്റെ
നെറിവായിരുന്നു, കൺപോളകൾചിമ്മാത്ത
ഉണർവ്വായിരുന്നു, ജാഗ്രത്തിൻ പ്രചണ്ഡമാം
ദ്യുതിയായിരുന്നു നീ ഞാനായി മാറുന്നു.

കെട്ടഴിഞ്ഞുലയും കബരിയായ് നിശീഥിനി, 
തൊട്ടിറ്റു നേരംകൂടി നിന്നിടാം, സ്മരണയിൽ
പറ്റിയൊരാന്ദോളന നഷ്ടചാരുതകളിൽ  
ഉറ്റുനോക്കുന്നിതാരോ രാവോ, മൃഗശീർഷമോ?

പാലം (2018)

ഉറക്കെ സംസാരിക്കുന്ന രണ്ടമ്മമാർ.
പാൽ ചുരത്താത്ത നിപ്പിൾ നുണഞ്ഞ് പ്രാമിൽ ഒരു കുഞ്ഞ്.
സിമന്റു ബഞ്ചിലിരുന്നു കഞ്ചാവു തെറുക്കുന്ന അപരിചിതൻ.
എവിടെയും പോകാനില്ലെങ്കിലും ടൈം ടേബിൾ നോക്കുന്ന മറ്റൊരാൾ.

മറ്റൊരിടം (2019)

മോദേന നീരു പകർന്നവൾ ഗൂഢമായ്
പാതി മനസ്സും പകുത്തു നൽകി.
പോയവനേകാന്തചോരനിനിയുള്ള
പാതിയും കൂടിക്കവർന്നുപോയി.

കോംഗോയിലെ വിലാപ കുമാരി (2019)

പറയുവാനാവാതെ പോയ രണ്ടക്ഷരം
ചിറകായിമാറിപ്പറന്നുപോകെ
തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.

ക്ഷമപ്പക്ഷികൾ (2019)