• Created on: 2022-03-22

Illustration by Karunakaran Perambra for the poem 'Orkkuvanaakumo' penned by Priyavrathan

ഓർക്കുവാനാവുമോ എന്റെ നാമം നിന-
ക്കാർത്തലച്ചെത്തും മഴയിൽ നിന്നും, ചുരം-
ചാരിയാമിക്കൊടുങ്കാറ്റിൽ നിന്നും, മേഘ-
ഘോരഗീതത്തിന്റെ ശീലിൽനിന്നും, ക്ഷിപ്ര-

സാക്ഷിയീ മിന്നൽപ്പിണരിൽനിന്നും, നമ്മ-
ളാദ്യമായ് കണ്ടു, കരംകോർത്തു പിന്നിട്ട,
വാക്കുകൾതീർത്ത രഥത്തിൽ കരേറിയ,
സാർത്ഥകതീർത്ഥസ്ഥലിയിൽ നിന്നും, വാക-
പൂത്തു, മണംചിന്നി, നിന്നുടയാടയിൽ
പേർത്തും പൊഴിച്ചിട്ട ശോണപുഷ്പംകൊണ്ടു
കാറ്റു വിരിച്ച തല്പത്തിൽ നിന്നും, വീണ്ടു-
മാത്മഗീതം പോലലഞ്ഞെത്തുമീയുഷ-
ക്കാറ്റിലലിഞ്ഞു പടർന്ന സുഗന്ധത്തി-
ലേറ്റമുറഞ്ഞ കുളിരിൽനിന്നും, നഷ്ട-
സ്വപ്നങ്ങൾ തീർത്ത ഖനിജലത്തിൽ നീന്തി-
യെത്തും മരാളങ്ങൾ തൂവൽ കൊഴിക്കുമീ-
ദുഃഖ കാന്താര നിഴലിൽ നിന്നും, തുള്ളി-
തോരാതെ പെയ്യുന്ന കണ്ണുനീരിൽ വെന്തു-
നോവാതെ നോവുന്ന ഗദ്ഗദധാന്യങ്ങൾ
മെല്ലെപ്പകുത്താഹരിച്ചോരിരവിലെ
തല്ലിക്കൊഴിച്ചിട്ട മാദക ശോഭയിൽ
ഫുല്ലമാകാത്ത കിനാവിൽനിന്നും നിന-
ക്കോർക്കുവാനാകുമോ എന്റെ നാമം?

കെട്ടഴിഞ്ഞുലയും കബരിയായ് നിശീഥിനി, 
തൊട്ടിറ്റു നേരംകൂടി നിന്നിടാം, സ്മരണയിൽ
പറ്റിയൊരാന്ദോളന നഷ്ടചാരുതകളിൽ  
ഉറ്റുനോക്കുന്നിതാരോ രാവോ, മൃഗശീർഷമോ?

പാലം (2018)

ഉറക്കെ സംസാരിക്കുന്ന രണ്ടമ്മമാർ.
പാൽ ചുരത്താത്ത നിപ്പിൾ നുണഞ്ഞ് പ്രാമിൽ ഒരു കുഞ്ഞ്.
സിമന്റു ബഞ്ചിലിരുന്നു കഞ്ചാവു തെറുക്കുന്ന അപരിചിതൻ.
എവിടെയും പോകാനില്ലെങ്കിലും ടൈം ടേബിൾ നോക്കുന്ന മറ്റൊരാൾ.

മറ്റൊരിടം (2019)

മോദേന നീരു പകർന്നവൾ ഗൂഢമായ്
പാതി മനസ്സും പകുത്തു നൽകി.
പോയവനേകാന്തചോരനിനിയുള്ള
പാതിയും കൂടിക്കവർന്നുപോയി.

കോംഗോയിലെ വിലാപ കുമാരി (2019)

പറയുവാനാവാതെ പോയ രണ്ടക്ഷരം
ചിറകായിമാറിപ്പറന്നുപോകെ
തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.

ക്ഷമപ്പക്ഷികൾ (2019)