• Created on: 2022-04-16

Illustration by Karunakaram Perambra for the poem Maramaram written by Priyavrathan

മരമരമാമരമീമരമെന്നു
ധരിച്ചൊരു തരുവിൻ തണലേറി
പെരുമരമോ, പേരാലോ, മരുതോ,
അരയാലോയെന്നോരാതെ,

തിരപോലുണരും ചിന്താമലരുക-
ളുതിരും മാനസവാടിയുമാ-
യിരുകരവും കരിമിഴിയും പൂട്ടി-
യിരുന്നു വനത്തിൽ കാട്ടാളൻ.

മകയിരവും തിരുവാതിരയും പോ-
യടവിയിലുറവകളുണരുകയായ്...
അവനോ "മര-മര-മാമര-മീമര,
മമ-മന-രമ-രമ' ചൊല്ലുമ്പോൾ,

തമസൊരു നദിയായൊഴുകും കാനന
മനമൊരു മാസ്മരനാദത്തി-
ന്നനുരണനങ്ങളിൽ മുഴുകി കാടൊരു
പ്രതിഭാസത്തിന്നിടമായി.

കരിയില വീണൊരു ശിശിരം പോകെ
മിഴികൾ വിടർത്തിയ വാസന്തം
കദനകുതൂഹലരമണീയാഞ്ജന-
മെഴുതി കാനന ഭംഗികളിൽ.

കരിനിര കുറുനിരയായി, രേഭം
മൂളിയുയർന്നളിവൃന്ദങ്ങൾ,
മരതകവർണ്ണച്ചേലയുടുത്തോ-
ളടവി മനോഹര വധുവായി.

ഇരുമരമല്ലൊരുമരമാണതു വെൺ-
മുകിലുകൾ തേടുമൊരശ്വത്ഥം
തലകീഴായിട്ടതിരുകൾ ഭേദി-
ച്ചിയലുകയായാഹൃദയത്തിൽ.

അനിലസചഞ്ചലമിലകൾ രാപക-
ലമരത്വത്തിന്നലകുകളാ-
യിരുളിൻ മാറുപിളർക്കെ പിറന്നു
മധുര മനോഹരമൊരു കാവ്യം.

പുതിയൊരു സർഗ്ഗവപുസ്സു പിറന്നു
കരഞ്ഞു കുടഞ്ഞു കരചരണം.
പ്രതികരണോജ്വലഭംഗി വിരിച്ചു
പറന്നു നിരന്നു ക്രൗഞ്ചങ്ങൾ.

മിഴികൾ തുളുമ്പിയ വിണ്ണിൽ നിന്നൊരു
ഘനഭേരീരവമിടിയുമ്പോൾ
നഖമുന കൊണ്ടൊരു മിന്നൽക്കൊടിയെ
തഴുകിയുണർത്തി താരങ്ങൾ.

കവിതകൾ ലാവണ്യത്തിന്നായിര-
മിതളുകൾ ചൂടി വിരിഞ്ഞാലും,
മധുമഞ്ജുഷയായവനിയിലാരുടെ
ലവണകണങ്ങൾ നിറച്ചാലും,

വനമറുപിള്ള മുറിച്ചില്ലക്കൊടി-
യഴകിൻ വാസരതേജസ്സാ-
യവനുടെ നാഭിയിലിന്നും കാടിൻ
ഹൃദയസ്പന്ദമുണർത്തുന്നു.

കെട്ടഴിഞ്ഞുലയും കബരിയായ് നിശീഥിനി, 
തൊട്ടിറ്റു നേരംകൂടി നിന്നിടാം, സ്മരണയിൽ
പറ്റിയൊരാന്ദോളന നഷ്ടചാരുതകളിൽ  
ഉറ്റുനോക്കുന്നിതാരോ രാവോ, മൃഗശീർഷമോ?

പാലം (2018)

ഉറക്കെ സംസാരിക്കുന്ന രണ്ടമ്മമാർ.
പാൽ ചുരത്താത്ത നിപ്പിൾ നുണഞ്ഞ് പ്രാമിൽ ഒരു കുഞ്ഞ്.
സിമന്റു ബഞ്ചിലിരുന്നു കഞ്ചാവു തെറുക്കുന്ന അപരിചിതൻ.
എവിടെയും പോകാനില്ലെങ്കിലും ടൈം ടേബിൾ നോക്കുന്ന മറ്റൊരാൾ.

മറ്റൊരിടം (2019)

മോദേന നീരു പകർന്നവൾ ഗൂഢമായ്
പാതി മനസ്സും പകുത്തു നൽകി.
പോയവനേകാന്തചോരനിനിയുള്ള
പാതിയും കൂടിക്കവർന്നുപോയി.

കോംഗോയിലെ വിലാപ കുമാരി (2019)

പറയുവാനാവാതെ പോയ രണ്ടക്ഷരം
ചിറകായിമാറിപ്പറന്നുപോകെ
തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.

ക്ഷമപ്പക്ഷികൾ (2019)