• Created on: 2022-02-15

പക്ഷെ, സ്ഫുടംചെയ്തെടുക്കുമീ നോവിക്കു-
മഗ്നിയായെത്തുമനുഭവങ്ങൾ ദൃഢം   
പ്രത്യക്ഷഹീനമിതിൻ ഹേതു നീയേതു
കുക്ഷിയിൽ  നാഥാ മറച്ചിരിക്കുന്നഹോ!

അത്ര വിദൂരത്തിലെത്തുവാനാകാതെ
പക്ഷങ്ങൾ താനേ തളർന്നുപതിക്കവേ,
പ്രത്യക്ഷമാക്കുന്നതാരോ, വിചിത്രമീ
രക്ഷോപവാടമീ ചക്രവാളങ്ങളിൽ! 

എത്ര പരിണാമ സംക്രമ സന്ധ്യകൾ 
തർപ്പണം ചെയ്തു പുനർജ്ജനി തേടവേ, 
നിഷ്‌ഫുല്ല ശാഖികൾ  പൂത്തു തളിർത്തമ-
രത്വപക്വങ്ങൾ നിരത്തുന്നു സാത്ഭുതം. 

തല്ലുംകരതലം കൊണ്ടനുതാപത്തൊ-
ടുല്ലാസമായിത്തലോടുന്നിരുട്ടിലേ-
ക്കെല്ലാം മറന്നുപേക്ഷിക്കുന്നു നിർദ്ദയം,
മെല്ലെത്തിരിച്ചെത്തവേ എതിരേൽക്കുന്നു.  

മുറ്റും മധുരമാണീ ഫലം തള്ളൂവാ-
നൊട്ടും കഴിയില്ല, പാഷാണമാകയാൽ
കെട്ടിപ്പിടിച്ചുള്ളിലാക്കാനുമാവില്ല,
നട്ടം തിരിഞ്ഞുപോകുന്നുവോ മാനസം!

 

 

കെട്ടഴിഞ്ഞുലയും കബരിയായ് നിശീഥിനി, 
തൊട്ടിറ്റു നേരംകൂടി നിന്നിടാം, സ്മരണയിൽ
പറ്റിയൊരാന്ദോളന നഷ്ടചാരുതകളിൽ  
ഉറ്റുനോക്കുന്നിതാരോ രാവോ, മൃഗശീർഷമോ?

പാലം (2018)

ഉറക്കെ സംസാരിക്കുന്ന രണ്ടമ്മമാർ.
പാൽ ചുരത്താത്ത നിപ്പിൾ നുണഞ്ഞ് പ്രാമിൽ ഒരു കുഞ്ഞ്.
സിമന്റു ബഞ്ചിലിരുന്നു കഞ്ചാവു തെറുക്കുന്ന അപരിചിതൻ.
എവിടെയും പോകാനില്ലെങ്കിലും ടൈം ടേബിൾ നോക്കുന്ന മറ്റൊരാൾ.

മറ്റൊരിടം (2019)

മോദേന നീരു പകർന്നവൾ ഗൂഢമായ്
പാതി മനസ്സും പകുത്തു നൽകി.
പോയവനേകാന്തചോരനിനിയുള്ള
പാതിയും കൂടിക്കവർന്നുപോയി.

കോംഗോയിലെ വിലാപ കുമാരി (2019)

പറയുവാനാവാതെ പോയ രണ്ടക്ഷരം
ചിറകായിമാറിപ്പറന്നുപോകെ
തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര-
മെരിയുന്ന രാവിൽ ഹതാശനീ ഞാൻ.

ക്ഷമപ്പക്ഷികൾ (2019)